എനിക്ക് കഥയോ കവിതയോ എഴുതാനറിയില്ല
അക്ഷരങ്ങളെ ആശയങ്ങളുടെ തടവുകാരാകാതെ
കാര്യം പറയാൻ ഭാഷയുടെ സഹായം തേടാറുണ്ട്
അതും
ഒരു കലാകാരനെന്നു സ്വയം പറഞ്ഞുറപ്പിച്ച സൗകര്യങ്ങളിൽ
എന്നോട് എനിക്ക് തോന്നിയ കാര്യങ്ങൾ പറയാൻ മാത്രം ..
അല്ലെങ്കിലും
വാക്കുകളില്ലാതെ ആശയങ്ങൾ ഇല്ലല്ലോ
ആശയങ്ങളില്ലാതെ ആകാരവും
ആകാരമില്ലാതെ കാഴ്ചകളും
കാഴ്ചകളില്ലാതെ വാക്കുകളും
വാക്കുകളില്ലാതെ അക്ഷരങ്ങളും !
ആരരേ ആദ്യം പെറ്റുവെന്നെനിക്കറിയില്ല
എങ്കിലും ഇവക്കിടയിലെവിടെയോ
അർത്ഥമുണ്ടാക്കി അക്ഷരങ്ങൾ വാക്കുകളും
വാക്കുകൾ വാചകങ്ങളും
വാചകങ്ങൾ ആശയങ്ങളും
ആശയങ്ങൾ ആകാരങ്ങളും
ആകാരങ്ങൾ വ്യവസ്ഥകളും
വ്യവസ്ഥകൾ വ്യക്തികളുമാകുന്ന
ജീവിതമെന്ന കവിത്വത്തിന്റെ
അക്ഷരങ്ങൾ
വാക്കുകൾ
വാചകങ്ങൾ
ഭാഷ തേടി നടക്കുന്പോൾ
പടിവാതിൽക്കലാരോ
ഭിക്ഷതേടി കരയുന്നുണ്ട്
"'അമ്മാ എന്തെങ്കിലും തരണേ...വിശന്നിട്ടു വയ്യ "
അമ്മയാകാൻ കഴിയാത്ത ആണായ ഞാനെന്ത്
കവിതയെഴുതാൻ
കഥയെഴുതാൻ
എനിക്ക് കഥയോ കവിതയോ എഴുതാനറിയില്ല