Wednesday, 6 May 2020

ഇരുന്പു ഗ്രില്ലിട്ട ജനാല

വഴി പറഞ്ഞവരും
വഴി തുറന്നവരും
വഴി തിരഞ്ഞവരും
വഴി മറന്നവരും
വഴി ഓർത്തവരായിരുന്നു
വീട്ടിലേക്കുള്ള വഴി
വീട്ടിൽ നിന്നുമുള്ള  വഴി  കൂടിയാണെന്ന്
തിരിച്ചറിഞ്ഞവരായിരുന്നു

2
വേദന
കിലോകണക്കിലോ
ലിറ്റർ കണക്കിലോ
മീറ്റർ കണക്കിലോ
പറയാനാകാത്ത മനുഷ്യൻ
അളവെടുക്കാനാകാത്ത കാഴ്ച 
കണ്ണീർ നിറഞ്ഞ കണ്ണിൽ
 മറഞ്ഞ കാഴ്ചയായി  കൊണ്ട് നടന്നു
കാഴ്ച മങ്ങിയ കണ്ണിൽ വഴികളെന്നും  മാഞ്ഞുകൊണ്ടേയിരുന്നു

3
നൽക്കവലകളിൽ കൂടണഞ്ഞ  വഴികൾ
ഒരു വീശി എറിഞ്ഞ വലകെട്ടായി
ഒരു നഗരത്തെ കെട്ടിമുറുക്കുന്പോൾ
ഇരുന്പു ഗ്രില്ലിട്ട ജനാലക്കപ്പുറത്തും ഇപ്പുറത്തും
ഒരു കുരങ്ങും
ഞാനും
പെയ്തൊഴുകിയ  മഴയിൽ കുതിർന്ന
നീർ വഴികൾ  നോക്കി
ഒന്നുമോർക്കാനില്ലാതെ
ആരെയും കാക്കാനില്ലാതെ
ഒന്നും പറയാനില്ലാതെ
വെറുതെ
ഒരു ഇരുന്പു ഗ്രില്ലിൽ
മുഖം ചാരി നിന്നു