Wednesday, 6 May 2020

എന്തേ നാമെന്നും ചോദ്യങ്ങളെ വിശ്വസിക്കുന്നു?

ഇന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക്
ഒന്നിനും ദയവു ചെയ്തു ഉത്തരങ്ങൾ നല്കാതിരിക്കുക
അക്ഷരങ്ങൾക്കപ്പുറത്ത് ആകാശം ഉണ്ടെന്നും
അതിനപ്പുറത്ത് അറിവാവശ്യമില്ലെന്നുമുള്ള 
ഉൾക്കാഴ്ച്ചയിൽ  ഉത്തരം നഷ്ടമായ
ഒരു ഭ്രാന്തൻ ഭിക്ഷാടകന്റെ  
ഇന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക്
ഒന്നിനും ദയവു ചെയ്തു ഉത്തരങ്ങൾ നല്കാതിരിക്കുക

ചോദ്യം ഒന്ന്
നിന്റെ കറുത്ത  കണ്ണുകളിൽ
എന്നുമെന്തേ
വീണുപോയ വിശ്വാസങ്ങൾ
നിഴല്പാടുകൾ പകരുന്ന
നിനവിന്റെ നനുത്ത തണലുകളാകുന്നത്

ചോദ്യം രണ്ട്
തുറന്ന വാതിലുകൾക്കപ്പുറത്തു നിന്നാണോ
അതോ ഇപ്പുറത്ത് നിന്നാണോ
ഹൃദയം മരവിക്കുന്നത്
രക്തം കട്ടപിടിക്കുന്നത്
വാക്കുകൾ വികൃതമാകുന്നത്

ചോദ്യം മൂന്ന്
അടഞ്ഞ അക്ഷരങ്ങൾക്കും
വിടർന്ന സ്വപ്നങ്ങൾക്കുമിടയിൽ
ആരാണ് ഒരു സന്ധ്യ മറന്നു വെച്ചത്

ചോദ്യം നാല്
എന്തേ  എല്ലാ നിശബ്ദതയും
വരകൾ  മായുന്ന നോട്ടുപുസ്ടകത്തിലോളിച്ച
മയിൽ‌പീലി പോലെ
ഒരു ദീർഘ  നിശ്വസത്തിൽ മറന്നു പോകുന്നു

ചോദ്യം അഞ്ച്

എന്തേ നാമെന്നും ചോദ്യങ്ങളെ വിശ്വസിക്കുന്നു
ഉത്തരങ്ങളിൽ ആശ്വസിക്കുന്നു ...

എന്തേ നാമെന്നും ചോദ്യങ്ങളെ വിശ്വസിക്കുന്നു ...