പാതിയടഞ്ഞ രണ്ടാം നിലയിലെ ജനലക്കപ്പുറത്തു
ചുവരിൽ മഴവീണു കുതിർന്ന നിഴൽപ്പാടുകൾ
മറന്നു പോയൊരു മഴയായി
കാലത്തെയും കൈകോർത്തു കാത്തിരിപ്പാണ്
മറന്നു പോയൊരുകാലം
പറഞ്ഞു തീരാത്ത ഓർമ്മകൾ
തിരിച്ചെടുക്കാനാകാത്ത സ്വപ്‌നങ്ങൾ
മെതിച്ചടുക്കിയ ജീവിതങ്ങൾ
പലതും കോറിയിട്ടിട്ടുണ്ടാ ചുവരിൽ
തീരം തേടിയെത്തിയവരുടെയും
വെട്ടിപിടിച്ചവരുടെയും
ദൈവങ്ങളെ എത്തിച്ചവരുടെയും
കോട്ടകത്തളങ്ങൾ കെട്ടിയവരുടെയും
ചരിത്രം തിരുത്തിയവരുടെയും
ചിത്രങ്ങളും കോറിവരച്ചിട്ടുണ്ടാ മതിലിൽ
അതൊന്നും കൂടാതെ
മായാത്ത മറ്റൊരെഴുത്തും തെളിഞ്ഞു നിന്നിരുന്നു
കോറിയിട്ട ഒരു പഴയ മനുഷ്യ സ്നേഹത്തിന്റെ കടബാക്കി
"നൗഫൽ ലൗവ്‌സ് അംബിക "
കൂടെ ഒരു ഹൃദയവും
പിന്നെയൊരന്പും