Sunday, 4 September 2022

എനിക്ക് കവിത എഴുതാൻ അറിയില്ല കഥയും എങ്കിലും ഞാൻ മനുഷ്യരോട് സംസാരിക്കാറുണ്ട്

 എനിക്ക് കവിത എഴുതാൻ അറിയില്ല

കഥയും
എങ്കിലും ഞാൻ മനുഷ്യരോട് സംസാരിക്കാറുണ്ട്
പാലുകാരൻ വെങ്കിടെഷിന്റെ
പ്രമേഹം വന്നു കാലു പഴുത്ത അച്ചനെക്കുറിച്ച്
ചോദിക്കാറുണ്ട്
തുപ്പുകാരി രേവമ്മയുടെ
കള്ള് കുടിയൻ ഭർത്താവിന്റെ
പഠിക്കാൻ പൊകാത്ത മകന്റെ
കഥകൾ കേൾക്കാറുണ്ട്
കാശുവാരി തിരിച്ചുപോകാമെന്നു കരുതി
കംപ്യുട്ടർ നഗരത്തിലെത്തി
ഒന്നുമാകാതെ
ഒരിക്കലും  തിരിച്ചുപോകാനാകാതെ
ആരും കാണാതെ കരഞ്ഞു കണ്ണീരുതീർക്കുന്ന
ആസ്സംകാരൻ സെക്യൂരിറ്റിയോട്
ചിരിക്കാറുണ്ട്
ഏതു രാത്രിയിലും വിളിച്ചാൽ പാഞ്ഞെത്തുന്ന
ഓട്ടോക്കാരൻ രവിയണ്ണയുടെ
കാൻസർ വന്ന മകന്റെ  
മരുന്ന് ചിലവുകൾ കേൾക്കാറുണ്ട്
വിൽക്കേണ്ടിവരുന്ന വീടിന്റെ വേവലാതിയും
അങ്ങിനെ കുറേ
കവിതകളും കഥകളും അറിയാത്ത ഒരു സമുഹത്തോട്
ചിലപ്പോഴെല്ലാം ഞാൻ സംസാരിക്കാറുണ്ട്
എനിക്ക് കവിത എഴുതാൻ അറിയില്ല
കഥയും
എങ്കിലും ഞാൻ മനുഷ്യരോട് സംസാരിക്കാറുണ്ട്